മുണ്ടക്കയം: ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടുരുണ്ട് ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു അപകടം. പായിപ്പാട് സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മാതാപിതാക്കളും രണ്ടു കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്.
ബസ് സ്റ്റാൻഡിൽ വാഹനം നിർത്തിയിട്ട ശേഷം മാതാപിതാക്കൾ വ്യാപാരസ്ഥാപനത്തിൽ കയറിയ സമയം കാർ ഉരുണ്ട് പുറകോട്ട് നീങ്ങുകയായിരുന്നു. ബസ് സ്റ്റാൻഡിൽനിന്ന് കാർ അമിതവേഗത്തിൽ പിന്നോട്ടുരുണ്ടുനീങ്ങി ദേശീയപാതയിൽ സഞ്ചരിച്ചിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരും മറ്റു വാഹന ഡ്രൈവർമാരും ചേർന്ന് കാർ നിയന്ത്രണ വിധേയമാക്കി. അപകടം നടക്കുമ്പോൾ കാറിൽ രണ്ടു കൊച്ചുകുട്ടികളും ഉണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ദേശീയപാതയിൽ വലിയ വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ അപകടമാണ്.